Thursday, 23 August 2018

കർക്കിടക ആരോഗ്യവും സിദ്ധ വഴികളും

ജലം മനുഷ്യന് എന്നും ആമൂല്യം തന്നെയാണ്. മനുഷ്യശരീരത്തിലും, മനുഷ്യർ വസിക്കുന്ന ഭൂമിയിലും, അന്തരീക്ഷത്തിലും പ്രകൃതിയിലുമെല്ലാം തിങ്ങിനിൽകുന്ന ജലസാന്നിധ്യം

നമ്മുടെ ആരോഗ്യവുമായി വളരെയേറെ ബന്ധപെട്ടു നില്കുന്നു. മനുഷ്യർ വാസത്തിനായും മറ്റും വികസിപ്പിച്ചെടുത്ത സംസ്കാരങ്ങളും, നഗരങ്ങളും എല്ലാംതന്നെ ഇത്തരം സമൃദ്ധമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജലവുമായി ബന്ധപ്പെട്ടുവരുന്ന അന്തരീക്ഷമാറ്റങ്ങളും, വർഷകാലങ്ങളും, ജലമലിനീകരണവും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ വേഗത്തിൽ നശിപ്പിക്കാനും പര്യാപ്തമാണ്. ആയതുകൊണ്ടുതന്നെ അത്തരത്തിൽ വരുന്ന സാഹചര്യങ്ങളെ നേരിടുന്നതിനും രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നതിനും ഒരു സുസ്ഥിരമായ ആരോഗ്യസംരക്ഷണത്തിനും ഭാരതത്തിന്റെ  തനത് ചികിത്സാശാസ്ത്രമായ സിദ്ധവൈദ്യത്തിൽ ഒട്ടനവധി പ്രതിവിധികൾ സിദ്ധവൈദ്യ ആചാര്യന്മാർ പ്രതിപാദിച്ചിട്ടുണ്ട്. 



നമ്മുടെ വർഷകാല, കർക്കടക ഋതുസമയങ്ങളിലും മേല്പറഞ്ഞ അനാരോഗ്യ സാഹചര്യങ്ങൾ തന്നെ ആണ് നിലനിൽക്കുന്നത്. ശരീരത്തെ മതിയാംവണ്ണം ബലപ്പെടുത്തുകയും, രോഗപ്രധോരോധശേഷി വർധിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഈ കാലഘട്ടങ്ങളിൽ നമ്മൾ എടുക്കേണ്ട സമീപനം. മരുന്നുകൾക്ക് ഉപരിയായി നമ്മുടെ ഭക്ഷണം, ജീവിത ചിട്ടകൾ, ശുചിത്വം, അന്തരീക്ഷ ശുദ്ധീകരണ പ്രക്രിയകൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും ഋതുക്കളെക്കുറിച്ചും ഉള്ള അറിവ് എന്നിവയെല്ലാം ചേർന്നുവരുന്ന ഒരു ആരോഗ്യസംസ്കാരം വികസിപ്പിച്ചെടുക്കകയാണ് വേണ്ടത്തെന്ന് സിദ്ധവൈദ്യം അനുശാസിക്കുന്നു.

സിദ്ധവൈദ്യപ്രകാരം 'മുതുവെനിൽ കാലം' , 'കാർക്കാലം' എന്നീ ഋതുക്കൾ സന്ധിച്ചുവരുന്ന സമയമാണ് വർഷകാലവും കർക്കിടകവും. ഈ കാലഘട്ടത്തിൽ ശരീരത്തിന്റെ തേജസ്സും, ദാഹവും കുറയും. ഉറക്കം കൂടുകയും വിശപ്പ് ശമിക്കുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് കുറയുകയും വാതകഫരോഗങ്ങൾ വർധിക്കുകയും ചെയ്യും. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. ഉഷ്ണകാലം കഴിഞ്ഞുള്ള മഴ ഭൂഗർഭജലത്തെ ചവർപ്പുള്ളതാക്കുന്നു. വർഷകാലം കൊണ്ടുവന്ന തണുപ്പിനെ ചെറുക്കാൻ ശരീരം ബാഹ്യമായി ഉഷ്ണിക്കുമെങ്കിലും ആന്തരിക ശരീരതാപം തണുപ്പായിരിക്കും. ഇതിനാലാണ് ദഹനപ്രക്രിയയും മന്ദഗതിയിലാകുന്നത്. ശരീരത്തിലെ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ ക്രമംതെറ്റുന്ന സമയവും ഇതാണ്. ദഹനപ്രക്രിയയെ ക്രമമാക്കുന്നതിനു വിരേചനം, വമനം എന്നിവ കൊടുത്തശേഷം വിശപ്പ് വരുത്തുന്നതരം മരുന്നുകൾ കഴിക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ചു ശീലിക്കണം. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ജാലകണികകൾ കാറ്റുകൊണ്ട് ശരീരത്തിൽ പറ്റുമ്പോഴാണ് പ്രധാനമായും ഈ കാലഘട്ടങ്ങളിൽ വാതകോപം ഉണ്ടാകുന്നതു. ഉഷ്ണിച്ചുനിൽക്കുന്ന ഭൂമിയിൽ വീഴുന്ന ജലകണിക ചവർപ്പ് രസമുള്ള നീരാവിയായി അന്തരീക്ഷത്തിൽ നില്കുന്നു. ഇത് ശരീരത്തിലെ പിത്തത്തെ വർധിപ്പിക്കുന്നു. വർഷകാലത്തിൽ അമിതമായി പെയ്യുന്ന മഴ കാരണം വരുന്ന ജലമലിനീകരണം നിമിത്തമാണ് പ്രധാനമായും ശരീരത്തിലെ കഫദോഷം വർധിക്കുന്നത്. ഇത്തരത്തിലാണ് വര്ഷകാലങ്ങളിൽ ശരീര ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ തെറ്റുന്നതും രോഗങ്ങൾക്ക് കാരണമാകുന്നതും എന്ന് സിദ്ധവൈദ്യത്തിൽ പറയുന്നു 

ഈ കാലഘട്ടങ്ങളിൽ ശരീര ബലം വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. പരിപ്പ്‌വർഗങ്ങൾ, ഉഴുന്ന്, ചെറുപയർ, പച്ചക്കറികൾ, പഴുത്ത പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കണം. ധാന്യവർഗങ്ങളും ഇഞ്ചി, കുരുമുളക്‌, തിപ്പലി, സംഭാരം, ചെറുചൂടുള്ള തൈര് , ശുദ്ധമായ പാചക എണ്ണകൾ, തേൻ, കൊടുവേലി എന്നിവയെല്ലാം ആഹാരങ്ങളിലോ ഔഷധമായോ ഈ സമയങ്ങളിൽ കഴിക്കണം. മാംസാഹാരങ്ങൾ നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. പുളിച്ച കള്ള് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി ഉപയോഗിക്കാം.

വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരിയായി ഉണങ്ങി എന്ന് ഉറപ്പുവരുത്തുക. നനഞ്ഞവസ്ത്രങ്ങൾ ധരിക്കുന്നത് വാതകഫ രോഗങ്ങളെ വർധിപ്പിക്കും, ധരിക്കുന്ന വസ്ത്രങ്ങളിൽ ചന്ദനതൈലം പുരട്ടുവാൻ പറയപ്പെടുന്നു. കാൽപാദങ്ങൾ മുഴുവനായും ആവരണം ചെയ്യുന്ന രീതിയിലുള്ള ചെരുപ്പുകൾ ധരിക്കണം. ഒരു വർഷം പഴക്കമുള്ള അരി പാചകത്തിനായി ഉപയോഗിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിൽ ചെറിയ തോതിൽ ഉപ്പുരസവും പുളിരസവും ചേർക്കണം. മോര് കഴിക്കുമ്പോൾ 5 വിധത്തിലുള്ള ദഹന ചേരുവകൾ ചേർക്കണം. കുടിവെള്ളം കിണർവെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലതു. ആനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുക. അധിക കൊഴുപ്പുള്ള മോര്, പുഴയിലെ വെള്ളം, പകൽ ഉറക്കം, ആയാസമുള്ള ജോലികൾ എന്നിവ ഒഴിവാക്കുക. 

ശരീരത്തിന് ബലവും പ്രതിരോധവും നൽകുന്ന ഔഷധങ്ങൾ ആവശ്യമെങ്കിൽ കഴിക്കാം. നിലവേമ്പ് കുടിനീർ കഴിക്കുന്നത് ശരീര പ്രധിരോധ ശേഷിയെ വർധിപ്പിക്കും, പകർച്ചവ്യാധികളെ ഫലപ്രദമായി തടയും. അമുക്കുര ലേഹ്യം, അമുക്കുര ചൂർണം, പൂനൈകാലി ചൂർണം, ശിലാസത്ത് ഭസ്മം, മുത്തുച്ചിപ്പി ഭസ്മം, അന്നഭേദി സിന്ദൂരം, അയച്ചെന്ദൂരം, കേസരി ലേഹ്യം, നെല്ലിക്ക ലേഹ്യം, കരിസാലൈ ലേഹ്യം എന്നിവയെല്ലാം ശരീരത്തിന് ബലവും ഓജസ്സും നൽകുന്ന മരുന്നുകളാണ്. ആവശ്യാനുസരണം ഒരു വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കാം. വാത രോഗികൾ വാതകേസരി തൈലം, ലെഘുവിഷമുഷ്ടി തൈലം, ഉഴുന്ന് തൈലം എന്നിവ ശരീരത്തിൽ തേച്ചു ചൂട് പിടിക്കുകയോ ചെറുചൂട് വെള്ളത്തിൽ കുളിക്കുകയോ ചെയ്യാം. ചുക്ക് തൈലം, അരക്ക് തൈലം എന്നിവ തലയിൽ തേക്കാനായി ഉപയോഗിക്കാം. 

വർഷകാലങ്ങളിൽ നമ്മൾ ശരീര പ്രധിരോധശേഷി വർധിപ്പിക്കാനാണ് പ്രധാനമായും ശ്രദ്ധചെലുത്തേണ്ടത്. മേല്പറഞ് സിദ്ധവൈദ്യ രീതികൾ പാലിച്ചാൽ ഈ കാലഘട്ടത്തെ അതിജീവിക്കാനുള്ള ശരീരബലവും പ്രതിരോധശേഷിയും ലഭിക്കും. 

Dr. Shabel PV.  B.S.M.S

No comments:

Post a Comment