Friday, 24 August 2018

പൂനീർ എന്ന് ദിവ്യഔഷധം #Pooneer

ഭൂമിയിൽ ഇന്ന് നമ്മൾ കാണുന്ന സകലത്തിലും ഒരു ഔഷധഗുണം ഒളിഞ്ഞിരിക്കുന്നു എന്നത് പ്രകൃതിസത്യമാണ്. പലപ്പോഴും അവയെല്ലാം നമ്മളിൽ നിന്ന് പ്രകൃതി തന്നെ മറച്ചു വെക്കുകയും ചെയ്യും, സമയമാകുമ്പോൾ അവയെല്ലാം നമ്മൾക്ക് കാണിച്ചു തകരുകയും ചെയ്യും. ഈ പറഞ്ഞ കാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'പൂനീര്' എന്ന ദിവ്യ ഔഷധത്തിന്റെ ഉല്പത്തി. സിദ്ധ ഔഷധങ്ങളുടെ വീര്യത്തെ പതിന്മടങ് വർധിപ്പിക്കുന്നതിന് ആചാര്യന്മാർ 'രസവാതം' അധവാ 'alchemy’ അവലംബിച്ചിരുന്നു. അത്തരം പ്രയോഗങ്ങൾക്ക് ഏറ്റവും ആവശ്യമായ ദിവ്യ ലവണമാണ് പൂനീര് ഉപ്പ്. വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിക്കടിയിൽ നിന്ന് പുറത്തുവരുന്ന ഈ പ്രതിഭാസം അത്ഭുതവും, ആശ്ചര്യവും നമ്മളിൽ ജനിപ്പിക്കും. 

ഏതൊരു ഔഷധത്തിന്റെ വീര്യവും പതിന്മടങ് വർധിപ്പിക്കുന്നതിനും, കായകല്പ മരുന്നുകൾ നിർമിക്കുന്നതിനും സിദ്ധവൈദ്യന്മാർ പണ്ടുകാലം തൊട്ടേ വളരെ രഹസ്യമായി പാകപ്പെടുത്തി എടുത്തിരുന്ന 3 ദിവ്യ ഉപ്പുകൾ തമ്മിൽ ചേരുന്ന 'മുപ്പ്' എന്ന ദിവ്യ ഔഷധം നിർമിക്കുന്നതിൽ ഉള്ള ചേരുവകളിൽ ഒന്ന് പൂനീരാണ്. രാസബന്ധനം, പാഷാണ ബന്ധനം, മാരണ പ്രയോഗങ്ങൾ, ലോഹ ധാതു  ഉപരസ സംസ്കരണം, കല്പ ഔഷധ നിർമാണം തുടങ്ങിയ മിക്ക ആല്കെമി അധവാ രസവാദ പ്രയോഗങ്ങൾക്കും പൂനീര് പ്രധാനമാണ്. 

ചിത്തിര പൗർണ്ണമി അധവാ കുംഭമാസ പൗർണമി ദിവസം അർധരാത്രി പൂർണ്ണ ചന്ദ്രന്റെ സാന്നിധ്യത്തിലാണ് പൂനീര് ഉത്ഭവിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള ശിവഗംഗ എന്ന ഗ്രാമത്തിലാണ് പ്രധാന പൂനീര് വിളയുന്ന ഭൂമിയുള്ളത്. ചിത്തിര പൗർണമി ദിവസം രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പൂനീര് ഉത്ഭവം രൂപപ്പെടുന്നത്. ഈ സമയം മഞ്ഞുമൂടി തണുത്തു നിൽക്കുന്ന അന്തരീക്ഷം ഭൂമിയുടെ പ്രതലത്തെയും തണുപ്പിച്ച് ഈറനാക്കുന്നു. ശേഷം അവിടെയെല്ലാം ആദ്യമായി അനേകം ചെറു സുഷിരങ്ങൾ രൂപപ്പെടും. ഈ സമയം ഉദിച്ച് തെളിഞ്ഞു നിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ ഗുരുത്വാകർഷണം കൊണ്ട് മണ്ണിനടിയിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെ ഉൽഭവപ്പെട്ടു നിൽക്കുന്ന പൂനീര് എന്ന ദിവ്യ ലവണം പുറത്തോട്ട് ഗമിക്കുന്നു.. 

കുംഭമാസ പൗർണമി ദിവസം അർധരാത്രി മുതൽ സൂര്യോദയത്തിനു തൊട്ടു മുൻപ് വരെയും ഈ പ്രതിഭാസം തുടരും. ഭൂമുഖത്ത് സൂര്യ രശ്മികൾ പതിക്കുന്ന നിമിഷം ഈ പ്രതിഭാസം നിശ്ചലമാകുകയും ചെയ്യും. ശേഷം  അടുത്ത വർഷം കുംഭമാസ പൗർണമി ദിനത്തിൽ മാത്രമേ ഈ പ്രതിഭാസം അതിന്റെ  പൂർണതയിൽ വീണ്ടും നടക്കുകയുള്ളൂ. 
പൂനീര് ശേഖരിക്കുന്ന രീതിയും, ദിവസവും, സമയവും ശേഖരിക്കുമ്പോൾ ആചരിക്കേണ്ട നിഷ്ഠകളും എല്ലാം സിദ്ധവൈദ്യ ഗ്രന്ഥങ്ങളിൽ പലയിട്ടതുമായി പ്രതിപാദിച്ചിരിക്കുന്നതായി കാണാൻ സാധിക്കും. ഭൂമിയിൽ നിന്നും നീരുപോലെ പ്രവഹിക്കുന്ന എന്ന് അർത്ഥം വരുന്ന ഭൂനീർ എന്ന പദം ലോപിച്ചാണ് പൂനീര് എന്ന പേര് ഉണ്ടായതെന്നും, ഭൂഗർഭ ഉറവയിൽ നിന്നും സുഷിരങ്ങൾ വഴി പുറത്തു വന്ന് പൂവ് പോലെ വിടർന്നു കാട്ടിയാവുന്നതു കൊണ്ടാവാം ആ പേര് വന്നത് എന്ന് രണ്ടു അഭിപ്രായമുണ്ട്. 

ജ്ഞാനിയും, തമിഴ് കവിയും, സിദ്ധവൈദ്യ ആചാര്യനുമായിരുന്ന തിരുവള്ളുവർ അദ്ദേഹത്തിന്റെ പല പാടലുകളിലും (തമിഴ് കവിതകൾ) പൂനീറിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ഒന്നിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി..

"പൂനീര് കാണാർ പുലൻ കണ്ടരികിലാർ 
മാനിലത്തിൽ വളരും പിറവി താൻ" 

'പൂനീര് കാണാത്തവർ ഗുണദോഷങ്ങളെ എങ്ങനെയാണ് കണ്ടറിയുക? ഇത് ഭൂമിയിൽ പിറവി കൊള്ളുന്നത് തന്നെ !.. എന്നാണ് ഈ പാടൽ അർത്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയുടെ മലയാളം വ്യാഖ്യാനത്തിൽ ഇങ്ങനെ പറയുന്നു. 

"ഭൂമിയിലുള്ള കളർനിലങ്ങളിൽ പൂനീര് കാണുമോ !.. അത് കണ്ടവർ തന്നെ മിണ്ടുമോ ?.. ജ്ഞാനികളായ യോഗികൾക്ക് അത് അറിയുമെങ്കിലും വെളിപ്പെടുത്തുമോ ?.."

ഇത്തരത്തിൽ പൂനീരിനെ കുറിച്ചുള്ള അറിവുകൾ ഭോഗർ, തിരുമൂലർ, അഗസ്ത്യർ, തെരയ്യർ, യാക്കോബ്, കൊരക്കാർ തുടങ്ങിയ സിദ്ധവൈദ്യ ആചാര്യന്മാർ എഴുതിയ പല കൃതികളിലും നമുക്ക് കാണാം. പണ്ട് കാലത്തെ വൈദ്യന്മാർ 12 വർഷത്തെ വൈദ്യവൃത്തിക്ക് ശേഷം മാത്രമേ ശിഷ്യന്മാർക്ക് പൂനീര് വിളയുന്ന സ്ഥലം അടയാളം നൽകുന്നതിനും അതിന്റെ ശക്തി പോകാതെ സംസ്കരിച്ചു ഉപയോഗിക്കുന്നതിനും ഉള്ള അറിവ് നൽകുകയുള്ളൂ എന്ന് പടയപ്പെടുന്നുണ്ട്. 

യഥാർത്ഥ പൂനീര് എല്ലാവർക്കും ലഭിക്കുന്ന വസ്തുവല്ല. ഇത് ശേഖരിക്കുന്നതിന് വ്രതശുദ്ധിയും ഭക്തിയോടെയും പൂനീര് വിളയും വരെയും തുണി വിരിച്ച് ഉറക്കമിളച്ച്‌ കാത്തിരിക്കണം. ശേഖരിക്കുമ്പോൾ കൈ തൊടാതെ , സൂര്യ രശ്മികൾ ഏൽക്കാതെ 
മുളയുടെ പാത്രത്തിൽ വേണം ശേഖരിച്ചു വെക്കുവാൻ. സൂര്യ രശ്മികൾ തട്ടിയാൽ പൂനീരിന്റെ ഗുണങ്ങൾ നശിക്കും. പൂനീര് ഭക്ഷിക്കുവാൻ കരിനാഗം, കുറുനരികൾ എന്നിവ വരുമെന്നും ദൈവ ഭക്തി ഇല്ലാത്തവർക്ക് ഇവയുടെ ആക്രമണം നേരിടേണ്ടി വരും എന്നും പറയപ്പെടുന്നുണ്ട്. 

ശിവഗംഗ കൂടാതെ കാളഹസ്‌ത്രി, ഹൊസൂർ, കന്യാകുമാരി, രാജപാളയം, കോയമ്പത്തൂർ പ്രാന്തപ്രദേശങ്ങളിൽ നിന്നെല്ലാം പൂനീര് ലഭിക്കുമെങ്കിലും വൈദ്യത്തിനു ഉപയോഗിക്കാൻ മേന്മയുള്ളതു ശിവഗംഗയിൽ വിളയുന്ന ലാവണമാണ്. പൂനീർ വിളയും സുഷിരങ്ങൾ കുഴിച്ചാൽ അതിന്റെ ഉത്ഭവസ്ഥാനത്തിൽ 'അണ്ഡക്കൽ' ലഭിക്കും. ആ ശില എടുത്താൽ ഒരു നീരുറവ വരും അതിനെ വൈദ്യന്മാർ 'അണ്ഡനീര്' എന്നാണ് പറയപ്പെടുന്നത്. ഇവ രണ്ടും വൈദ്യത്തിനായി ഉപയോഗിക്കാറുണ്ട്. മകരം മീനം മാസങ്ങളിലും പൂനീര് ചെറിയ തോതിൽ വിളയുമെങ്കിലും അത് വൈദ്യത്തിനായി ഉപയോഗിക്കാറില്ല. 

പൂനീർ ഉത്ഭവത്തിനു വകഭേദങ്ങൾ ഇനിയും ഉണ്ട്. ഭൂഗർഭ സുഷിരത്തിൽ നിന്നും ഒരു വർഷത്തിൽ ആദ്യം വിളയുന്ന പൂനീര് വളയൽ ഉപ്പ് തനിമ ഉള്ളതായതിനാൽ അവ വളയുണ്ടാകുന്നതിനും, രണ്ടാമതായി വരുന്നത് അലക്കുകാരം ആയി സംസ്കരിക്കുന്നതിനും, മൂന്നാമത്തേത് വൈദ്യത്തിനും, നാലാമത്തേത് രാസവത്തിനും, അഞ്ചാമത്തേത് കായകല്പത്തിനും ഉപയോഗിക്കാറുള്ളതാണ്. 'അമുരി' എന്ന സിദ്ധവൈദ്യത്തിലെ അതീവ രഹസ്യയോഗം ആയ ദിവ്യ ദ്രാവകത്തിൽ പൂനീര് ദീക്ഷ ചെയ്‌താൽ മാത്രമേ ഈ പറഞ്ഞ എല്ലാ പ്രധാന പ്രയോഗങ്ങൾക്കും 'മുപ്പ്' നിർമാണത്തിനും രസവാത്ത പ്രയോഗങ്ങൾക്കും ഉള്ള ശക്തി ലഭിക്കു എന്ന് സിദ്ധന്മാർ പറയപ്പെടുന്നു .
Dr. Shabel PV - 7012386141

No comments:

Post a Comment