Friday, 24 August 2018

അയമോദകത്തിന്റെ ഔഷധഗുണങ്ങൾ #AJWAIN

അയമോദകത്തിന്റെ ഔഷധഗുണങ്ങൾ #AJWAIN

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. കേരളത്തിലെ 
നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകംഅംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു. ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ. വടക്കേ ഇന്ത്യയിലും മദ്ധ്യേന്ത്യയിലും ഇതു ധാരാളമായി കൃഷി ചെയ്യപ്പെടുന്നു, ഉപയോഗിക്കുന്നു . എന്നാൽ കറിക്കൂട്ടുകളിൽ ഗരം മസാലയുടെ ഭാഗമായി മാത്രമേ ഇതു കേരളത്തിൽ സാധാരണയായി  ഉപയോഗിക്കുന്നുള്ളൂ.

മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്. അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും. മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്,  ശ്രദ്ധിക്കൂ , ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്. അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്. ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം. അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്. ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു. അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം ഇളകിപ്പോരും. ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം. ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും. അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം. ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും. കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം. ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി. ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്. പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ ‍അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു. കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക. തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും.

പൂനീർ എന്ന് ദിവ്യഔഷധം #Pooneer

ഭൂമിയിൽ ഇന്ന് നമ്മൾ കാണുന്ന സകലത്തിലും ഒരു ഔഷധഗുണം ഒളിഞ്ഞിരിക്കുന്നു എന്നത് പ്രകൃതിസത്യമാണ്. പലപ്പോഴും അവയെല്ലാം നമ്മളിൽ നിന്ന് പ്രകൃതി തന്നെ മറച്ചു വെക്കുകയും ചെയ്യും, സമയമാകുമ്പോൾ അവയെല്ലാം നമ്മൾക്ക് കാണിച്ചു തകരുകയും ചെയ്യും. ഈ പറഞ്ഞ കാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'പൂനീര്' എന്ന ദിവ്യ ഔഷധത്തിന്റെ ഉല്പത്തി. സിദ്ധ ഔഷധങ്ങളുടെ വീര്യത്തെ പതിന്മടങ് വർധിപ്പിക്കുന്നതിന് ആചാര്യന്മാർ 'രസവാതം' അധവാ 'alchemy’ അവലംബിച്ചിരുന്നു. അത്തരം പ്രയോഗങ്ങൾക്ക് ഏറ്റവും ആവശ്യമായ ദിവ്യ ലവണമാണ് പൂനീര് ഉപ്പ്. വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിക്കടിയിൽ നിന്ന് പുറത്തുവരുന്ന ഈ പ്രതിഭാസം അത്ഭുതവും, ആശ്ചര്യവും നമ്മളിൽ ജനിപ്പിക്കും. 

ഏതൊരു ഔഷധത്തിന്റെ വീര്യവും പതിന്മടങ് വർധിപ്പിക്കുന്നതിനും, കായകല്പ മരുന്നുകൾ നിർമിക്കുന്നതിനും സിദ്ധവൈദ്യന്മാർ പണ്ടുകാലം തൊട്ടേ വളരെ രഹസ്യമായി പാകപ്പെടുത്തി എടുത്തിരുന്ന 3 ദിവ്യ ഉപ്പുകൾ തമ്മിൽ ചേരുന്ന 'മുപ്പ്' എന്ന ദിവ്യ ഔഷധം നിർമിക്കുന്നതിൽ ഉള്ള ചേരുവകളിൽ ഒന്ന് പൂനീരാണ്. രാസബന്ധനം, പാഷാണ ബന്ധനം, മാരണ പ്രയോഗങ്ങൾ, ലോഹ ധാതു  ഉപരസ സംസ്കരണം, കല്പ ഔഷധ നിർമാണം തുടങ്ങിയ മിക്ക ആല്കെമി അധവാ രസവാദ പ്രയോഗങ്ങൾക്കും പൂനീര് പ്രധാനമാണ്. 

ചിത്തിര പൗർണ്ണമി അധവാ കുംഭമാസ പൗർണമി ദിവസം അർധരാത്രി പൂർണ്ണ ചന്ദ്രന്റെ സാന്നിധ്യത്തിലാണ് പൂനീര് ഉത്ഭവിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള ശിവഗംഗ എന്ന ഗ്രാമത്തിലാണ് പ്രധാന പൂനീര് വിളയുന്ന ഭൂമിയുള്ളത്. ചിത്തിര പൗർണമി ദിവസം രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പൂനീര് ഉത്ഭവം രൂപപ്പെടുന്നത്. ഈ സമയം മഞ്ഞുമൂടി തണുത്തു നിൽക്കുന്ന അന്തരീക്ഷം ഭൂമിയുടെ പ്രതലത്തെയും തണുപ്പിച്ച് ഈറനാക്കുന്നു. ശേഷം അവിടെയെല്ലാം ആദ്യമായി അനേകം ചെറു സുഷിരങ്ങൾ രൂപപ്പെടും. ഈ സമയം ഉദിച്ച് തെളിഞ്ഞു നിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ ഗുരുത്വാകർഷണം കൊണ്ട് മണ്ണിനടിയിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെ ഉൽഭവപ്പെട്ടു നിൽക്കുന്ന പൂനീര് എന്ന ദിവ്യ ലവണം പുറത്തോട്ട് ഗമിക്കുന്നു.. 

കുംഭമാസ പൗർണമി ദിവസം അർധരാത്രി മുതൽ സൂര്യോദയത്തിനു തൊട്ടു മുൻപ് വരെയും ഈ പ്രതിഭാസം തുടരും. ഭൂമുഖത്ത് സൂര്യ രശ്മികൾ പതിക്കുന്ന നിമിഷം ഈ പ്രതിഭാസം നിശ്ചലമാകുകയും ചെയ്യും. ശേഷം  അടുത്ത വർഷം കുംഭമാസ പൗർണമി ദിനത്തിൽ മാത്രമേ ഈ പ്രതിഭാസം അതിന്റെ  പൂർണതയിൽ വീണ്ടും നടക്കുകയുള്ളൂ. 
പൂനീര് ശേഖരിക്കുന്ന രീതിയും, ദിവസവും, സമയവും ശേഖരിക്കുമ്പോൾ ആചരിക്കേണ്ട നിഷ്ഠകളും എല്ലാം സിദ്ധവൈദ്യ ഗ്രന്ഥങ്ങളിൽ പലയിട്ടതുമായി പ്രതിപാദിച്ചിരിക്കുന്നതായി കാണാൻ സാധിക്കും. ഭൂമിയിൽ നിന്നും നീരുപോലെ പ്രവഹിക്കുന്ന എന്ന് അർത്ഥം വരുന്ന ഭൂനീർ എന്ന പദം ലോപിച്ചാണ് പൂനീര് എന്ന പേര് ഉണ്ടായതെന്നും, ഭൂഗർഭ ഉറവയിൽ നിന്നും സുഷിരങ്ങൾ വഴി പുറത്തു വന്ന് പൂവ് പോലെ വിടർന്നു കാട്ടിയാവുന്നതു കൊണ്ടാവാം ആ പേര് വന്നത് എന്ന് രണ്ടു അഭിപ്രായമുണ്ട്. 

ജ്ഞാനിയും, തമിഴ് കവിയും, സിദ്ധവൈദ്യ ആചാര്യനുമായിരുന്ന തിരുവള്ളുവർ അദ്ദേഹത്തിന്റെ പല പാടലുകളിലും (തമിഴ് കവിതകൾ) പൂനീറിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ഒന്നിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി..

"പൂനീര് കാണാർ പുലൻ കണ്ടരികിലാർ 
മാനിലത്തിൽ വളരും പിറവി താൻ" 

'പൂനീര് കാണാത്തവർ ഗുണദോഷങ്ങളെ എങ്ങനെയാണ് കണ്ടറിയുക? ഇത് ഭൂമിയിൽ പിറവി കൊള്ളുന്നത് തന്നെ !.. എന്നാണ് ഈ പാടൽ അർത്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയുടെ മലയാളം വ്യാഖ്യാനത്തിൽ ഇങ്ങനെ പറയുന്നു. 

"ഭൂമിയിലുള്ള കളർനിലങ്ങളിൽ പൂനീര് കാണുമോ !.. അത് കണ്ടവർ തന്നെ മിണ്ടുമോ ?.. ജ്ഞാനികളായ യോഗികൾക്ക് അത് അറിയുമെങ്കിലും വെളിപ്പെടുത്തുമോ ?.."

ഇത്തരത്തിൽ പൂനീരിനെ കുറിച്ചുള്ള അറിവുകൾ ഭോഗർ, തിരുമൂലർ, അഗസ്ത്യർ, തെരയ്യർ, യാക്കോബ്, കൊരക്കാർ തുടങ്ങിയ സിദ്ധവൈദ്യ ആചാര്യന്മാർ എഴുതിയ പല കൃതികളിലും നമുക്ക് കാണാം. പണ്ട് കാലത്തെ വൈദ്യന്മാർ 12 വർഷത്തെ വൈദ്യവൃത്തിക്ക് ശേഷം മാത്രമേ ശിഷ്യന്മാർക്ക് പൂനീര് വിളയുന്ന സ്ഥലം അടയാളം നൽകുന്നതിനും അതിന്റെ ശക്തി പോകാതെ സംസ്കരിച്ചു ഉപയോഗിക്കുന്നതിനും ഉള്ള അറിവ് നൽകുകയുള്ളൂ എന്ന് പടയപ്പെടുന്നുണ്ട്. 

യഥാർത്ഥ പൂനീര് എല്ലാവർക്കും ലഭിക്കുന്ന വസ്തുവല്ല. ഇത് ശേഖരിക്കുന്നതിന് വ്രതശുദ്ധിയും ഭക്തിയോടെയും പൂനീര് വിളയും വരെയും തുണി വിരിച്ച് ഉറക്കമിളച്ച്‌ കാത്തിരിക്കണം. ശേഖരിക്കുമ്പോൾ കൈ തൊടാതെ , സൂര്യ രശ്മികൾ ഏൽക്കാതെ 
മുളയുടെ പാത്രത്തിൽ വേണം ശേഖരിച്ചു വെക്കുവാൻ. സൂര്യ രശ്മികൾ തട്ടിയാൽ പൂനീരിന്റെ ഗുണങ്ങൾ നശിക്കും. പൂനീര് ഭക്ഷിക്കുവാൻ കരിനാഗം, കുറുനരികൾ എന്നിവ വരുമെന്നും ദൈവ ഭക്തി ഇല്ലാത്തവർക്ക് ഇവയുടെ ആക്രമണം നേരിടേണ്ടി വരും എന്നും പറയപ്പെടുന്നുണ്ട്. 

ശിവഗംഗ കൂടാതെ കാളഹസ്‌ത്രി, ഹൊസൂർ, കന്യാകുമാരി, രാജപാളയം, കോയമ്പത്തൂർ പ്രാന്തപ്രദേശങ്ങളിൽ നിന്നെല്ലാം പൂനീര് ലഭിക്കുമെങ്കിലും വൈദ്യത്തിനു ഉപയോഗിക്കാൻ മേന്മയുള്ളതു ശിവഗംഗയിൽ വിളയുന്ന ലാവണമാണ്. പൂനീർ വിളയും സുഷിരങ്ങൾ കുഴിച്ചാൽ അതിന്റെ ഉത്ഭവസ്ഥാനത്തിൽ 'അണ്ഡക്കൽ' ലഭിക്കും. ആ ശില എടുത്താൽ ഒരു നീരുറവ വരും അതിനെ വൈദ്യന്മാർ 'അണ്ഡനീര്' എന്നാണ് പറയപ്പെടുന്നത്. ഇവ രണ്ടും വൈദ്യത്തിനായി ഉപയോഗിക്കാറുണ്ട്. മകരം മീനം മാസങ്ങളിലും പൂനീര് ചെറിയ തോതിൽ വിളയുമെങ്കിലും അത് വൈദ്യത്തിനായി ഉപയോഗിക്കാറില്ല. 

പൂനീർ ഉത്ഭവത്തിനു വകഭേദങ്ങൾ ഇനിയും ഉണ്ട്. ഭൂഗർഭ സുഷിരത്തിൽ നിന്നും ഒരു വർഷത്തിൽ ആദ്യം വിളയുന്ന പൂനീര് വളയൽ ഉപ്പ് തനിമ ഉള്ളതായതിനാൽ അവ വളയുണ്ടാകുന്നതിനും, രണ്ടാമതായി വരുന്നത് അലക്കുകാരം ആയി സംസ്കരിക്കുന്നതിനും, മൂന്നാമത്തേത് വൈദ്യത്തിനും, നാലാമത്തേത് രാസവത്തിനും, അഞ്ചാമത്തേത് കായകല്പത്തിനും ഉപയോഗിക്കാറുള്ളതാണ്. 'അമുരി' എന്ന സിദ്ധവൈദ്യത്തിലെ അതീവ രഹസ്യയോഗം ആയ ദിവ്യ ദ്രാവകത്തിൽ പൂനീര് ദീക്ഷ ചെയ്‌താൽ മാത്രമേ ഈ പറഞ്ഞ എല്ലാ പ്രധാന പ്രയോഗങ്ങൾക്കും 'മുപ്പ്' നിർമാണത്തിനും രസവാത്ത പ്രയോഗങ്ങൾക്കും ഉള്ള ശക്തി ലഭിക്കു എന്ന് സിദ്ധന്മാർ പറയപ്പെടുന്നു .
Dr. Shabel PV - 7012386141

Thursday, 23 August 2018

കർക്കിടക ആരോഗ്യവും സിദ്ധ വഴികളും

ജലം മനുഷ്യന് എന്നും ആമൂല്യം തന്നെയാണ്. മനുഷ്യശരീരത്തിലും, മനുഷ്യർ വസിക്കുന്ന ഭൂമിയിലും, അന്തരീക്ഷത്തിലും പ്രകൃതിയിലുമെല്ലാം തിങ്ങിനിൽകുന്ന ജലസാന്നിധ്യം

നമ്മുടെ ആരോഗ്യവുമായി വളരെയേറെ ബന്ധപെട്ടു നില്കുന്നു. മനുഷ്യർ വാസത്തിനായും മറ്റും വികസിപ്പിച്ചെടുത്ത സംസ്കാരങ്ങളും, നഗരങ്ങളും എല്ലാംതന്നെ ഇത്തരം സമൃദ്ധമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജലവുമായി ബന്ധപ്പെട്ടുവരുന്ന അന്തരീക്ഷമാറ്റങ്ങളും, വർഷകാലങ്ങളും, ജലമലിനീകരണവും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ വേഗത്തിൽ നശിപ്പിക്കാനും പര്യാപ്തമാണ്. ആയതുകൊണ്ടുതന്നെ അത്തരത്തിൽ വരുന്ന സാഹചര്യങ്ങളെ നേരിടുന്നതിനും രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നതിനും ഒരു സുസ്ഥിരമായ ആരോഗ്യസംരക്ഷണത്തിനും ഭാരതത്തിന്റെ  തനത് ചികിത്സാശാസ്ത്രമായ സിദ്ധവൈദ്യത്തിൽ ഒട്ടനവധി പ്രതിവിധികൾ സിദ്ധവൈദ്യ ആചാര്യന്മാർ പ്രതിപാദിച്ചിട്ടുണ്ട്. 



നമ്മുടെ വർഷകാല, കർക്കടക ഋതുസമയങ്ങളിലും മേല്പറഞ്ഞ അനാരോഗ്യ സാഹചര്യങ്ങൾ തന്നെ ആണ് നിലനിൽക്കുന്നത്. ശരീരത്തെ മതിയാംവണ്ണം ബലപ്പെടുത്തുകയും, രോഗപ്രധോരോധശേഷി വർധിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഈ കാലഘട്ടങ്ങളിൽ നമ്മൾ എടുക്കേണ്ട സമീപനം. മരുന്നുകൾക്ക് ഉപരിയായി നമ്മുടെ ഭക്ഷണം, ജീവിത ചിട്ടകൾ, ശുചിത്വം, അന്തരീക്ഷ ശുദ്ധീകരണ പ്രക്രിയകൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും ഋതുക്കളെക്കുറിച്ചും ഉള്ള അറിവ് എന്നിവയെല്ലാം ചേർന്നുവരുന്ന ഒരു ആരോഗ്യസംസ്കാരം വികസിപ്പിച്ചെടുക്കകയാണ് വേണ്ടത്തെന്ന് സിദ്ധവൈദ്യം അനുശാസിക്കുന്നു.

സിദ്ധവൈദ്യപ്രകാരം 'മുതുവെനിൽ കാലം' , 'കാർക്കാലം' എന്നീ ഋതുക്കൾ സന്ധിച്ചുവരുന്ന സമയമാണ് വർഷകാലവും കർക്കിടകവും. ഈ കാലഘട്ടത്തിൽ ശരീരത്തിന്റെ തേജസ്സും, ദാഹവും കുറയും. ഉറക്കം കൂടുകയും വിശപ്പ് ശമിക്കുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് കുറയുകയും വാതകഫരോഗങ്ങൾ വർധിക്കുകയും ചെയ്യും. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. ഉഷ്ണകാലം കഴിഞ്ഞുള്ള മഴ ഭൂഗർഭജലത്തെ ചവർപ്പുള്ളതാക്കുന്നു. വർഷകാലം കൊണ്ടുവന്ന തണുപ്പിനെ ചെറുക്കാൻ ശരീരം ബാഹ്യമായി ഉഷ്ണിക്കുമെങ്കിലും ആന്തരിക ശരീരതാപം തണുപ്പായിരിക്കും. ഇതിനാലാണ് ദഹനപ്രക്രിയയും മന്ദഗതിയിലാകുന്നത്. ശരീരത്തിലെ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ ക്രമംതെറ്റുന്ന സമയവും ഇതാണ്. ദഹനപ്രക്രിയയെ ക്രമമാക്കുന്നതിനു വിരേചനം, വമനം എന്നിവ കൊടുത്തശേഷം വിശപ്പ് വരുത്തുന്നതരം മരുന്നുകൾ കഴിക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ചു ശീലിക്കണം. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ജാലകണികകൾ കാറ്റുകൊണ്ട് ശരീരത്തിൽ പറ്റുമ്പോഴാണ് പ്രധാനമായും ഈ കാലഘട്ടങ്ങളിൽ വാതകോപം ഉണ്ടാകുന്നതു. ഉഷ്ണിച്ചുനിൽക്കുന്ന ഭൂമിയിൽ വീഴുന്ന ജലകണിക ചവർപ്പ് രസമുള്ള നീരാവിയായി അന്തരീക്ഷത്തിൽ നില്കുന്നു. ഇത് ശരീരത്തിലെ പിത്തത്തെ വർധിപ്പിക്കുന്നു. വർഷകാലത്തിൽ അമിതമായി പെയ്യുന്ന മഴ കാരണം വരുന്ന ജലമലിനീകരണം നിമിത്തമാണ് പ്രധാനമായും ശരീരത്തിലെ കഫദോഷം വർധിക്കുന്നത്. ഇത്തരത്തിലാണ് വര്ഷകാലങ്ങളിൽ ശരീര ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ തെറ്റുന്നതും രോഗങ്ങൾക്ക് കാരണമാകുന്നതും എന്ന് സിദ്ധവൈദ്യത്തിൽ പറയുന്നു 

ഈ കാലഘട്ടങ്ങളിൽ ശരീര ബലം വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. പരിപ്പ്‌വർഗങ്ങൾ, ഉഴുന്ന്, ചെറുപയർ, പച്ചക്കറികൾ, പഴുത്ത പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കണം. ധാന്യവർഗങ്ങളും ഇഞ്ചി, കുരുമുളക്‌, തിപ്പലി, സംഭാരം, ചെറുചൂടുള്ള തൈര് , ശുദ്ധമായ പാചക എണ്ണകൾ, തേൻ, കൊടുവേലി എന്നിവയെല്ലാം ആഹാരങ്ങളിലോ ഔഷധമായോ ഈ സമയങ്ങളിൽ കഴിക്കണം. മാംസാഹാരങ്ങൾ നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. പുളിച്ച കള്ള് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി ഉപയോഗിക്കാം.

വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരിയായി ഉണങ്ങി എന്ന് ഉറപ്പുവരുത്തുക. നനഞ്ഞവസ്ത്രങ്ങൾ ധരിക്കുന്നത് വാതകഫ രോഗങ്ങളെ വർധിപ്പിക്കും, ധരിക്കുന്ന വസ്ത്രങ്ങളിൽ ചന്ദനതൈലം പുരട്ടുവാൻ പറയപ്പെടുന്നു. കാൽപാദങ്ങൾ മുഴുവനായും ആവരണം ചെയ്യുന്ന രീതിയിലുള്ള ചെരുപ്പുകൾ ധരിക്കണം. ഒരു വർഷം പഴക്കമുള്ള അരി പാചകത്തിനായി ഉപയോഗിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിൽ ചെറിയ തോതിൽ ഉപ്പുരസവും പുളിരസവും ചേർക്കണം. മോര് കഴിക്കുമ്പോൾ 5 വിധത്തിലുള്ള ദഹന ചേരുവകൾ ചേർക്കണം. കുടിവെള്ളം കിണർവെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലതു. ആനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുക. അധിക കൊഴുപ്പുള്ള മോര്, പുഴയിലെ വെള്ളം, പകൽ ഉറക്കം, ആയാസമുള്ള ജോലികൾ എന്നിവ ഒഴിവാക്കുക. 

ശരീരത്തിന് ബലവും പ്രതിരോധവും നൽകുന്ന ഔഷധങ്ങൾ ആവശ്യമെങ്കിൽ കഴിക്കാം. നിലവേമ്പ് കുടിനീർ കഴിക്കുന്നത് ശരീര പ്രധിരോധ ശേഷിയെ വർധിപ്പിക്കും, പകർച്ചവ്യാധികളെ ഫലപ്രദമായി തടയും. അമുക്കുര ലേഹ്യം, അമുക്കുര ചൂർണം, പൂനൈകാലി ചൂർണം, ശിലാസത്ത് ഭസ്മം, മുത്തുച്ചിപ്പി ഭസ്മം, അന്നഭേദി സിന്ദൂരം, അയച്ചെന്ദൂരം, കേസരി ലേഹ്യം, നെല്ലിക്ക ലേഹ്യം, കരിസാലൈ ലേഹ്യം എന്നിവയെല്ലാം ശരീരത്തിന് ബലവും ഓജസ്സും നൽകുന്ന മരുന്നുകളാണ്. ആവശ്യാനുസരണം ഒരു വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കാം. വാത രോഗികൾ വാതകേസരി തൈലം, ലെഘുവിഷമുഷ്ടി തൈലം, ഉഴുന്ന് തൈലം എന്നിവ ശരീരത്തിൽ തേച്ചു ചൂട് പിടിക്കുകയോ ചെറുചൂട് വെള്ളത്തിൽ കുളിക്കുകയോ ചെയ്യാം. ചുക്ക് തൈലം, അരക്ക് തൈലം എന്നിവ തലയിൽ തേക്കാനായി ഉപയോഗിക്കാം. 

വർഷകാലങ്ങളിൽ നമ്മൾ ശരീര പ്രധിരോധശേഷി വർധിപ്പിക്കാനാണ് പ്രധാനമായും ശ്രദ്ധചെലുത്തേണ്ടത്. മേല്പറഞ് സിദ്ധവൈദ്യ രീതികൾ പാലിച്ചാൽ ഈ കാലഘട്ടത്തെ അതിജീവിക്കാനുള്ള ശരീരബലവും പ്രതിരോധശേഷിയും ലഭിക്കും. 

Dr. Shabel PV.  B.S.M.S

പെരുങ്കായത്തിന്റെ ഔഷധ ഗുണങ്ങൾ

ഭക്ഷണത്തിൽ നമ്മൾ പെരുങ്കായം നിത്യവും ഉപയോഗിക്കുന്നതാണ്. ഭക്ഷണത്തിന് രുചിക്കൊപ്പം തന്നെ ഒരുപാടു ഔഷധഗുണങ്ങൾ നൽകുന്നതാണ് പെരുങ്കായം. മോണയെയും പല്ലിനെയും സംബന്ധിക്കുന്ന രോഗങ്ങൾ , തേൾവിഷം ഉൾപ്പടെയുള്ള വിഷകടികൾ, വിരശല്യം, ദഹനക്കുറവ്, വാതരോഗങ്ങൾ, അതിസാരം, ഗ്രഹണി, സ്ത്രീകളിൽ യോനീ സംബന്ധ രോഗങ്ങൾ, എട്ട് തരത്തിൽപെട്ട ഗുന്മം അധവാ അൾസർ, ഉദരത്തിലെ നീർകെട്ടുകൾ, ഗർഭാശയ പഴുപ്പുകൾ, ആർത്തവദോഷങ്ങൾ, കഫശല്യം, കഠിനമായ വയറുവേദനകൾ എന്നിവക്കെല്ലാം പെരുങ്കായം ഭക്ഷണമോ ഔഷധമോ ആയി സേവിച്ചാൽ ഫലം ലഭിക്കും എന്ന് പദാർത്ഥഗുണ ചിന്താമണി എന്ന സിദ്ധ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.